2014, നവംബർ 26, ബുധനാഴ്‌ച

ഉറുമ്പ് പൊടി


സൈതാലിക്കാ... ഉറുമ്പ് പൊടിയുണ്ടോ?”
ഉണ്ടല്ലോ.”
ഇതിട്ടാല്‍ ഉറുമ്പ് ചാവുമോ സൈതാലിക്കാ?”
കൊല്ലാന്‍ പാടില്ല, ഓടിച്ചാല്‍ മതി.”
ഉറുമ്പ് പൊടിയുമായി കടയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച എനിക്ക് സംശയങ്ങള്‍ അവസാനിച്ചിരുന്നില്ല.
ഈ ഉറുമ്പ് പൊടി, ഉറുമ്പിനെ കൊല്ലാന്‍ മാത്രം ശക്തമല്ലാത്തതിനാലാണോ സൈതാലിക്ക അങ്ങിനെ പറഞ്ഞത്?! അതല്ല, ഉറുമ്പിനെ പോലും കൊല്ലരുതെന്നുള്ള സൈതാലിക്കയുടെ മനസാണോ?!

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

മകന്‍റെ സൈക്കിള്‍

സൈക്കിളിന് കാവല്‍കിടക്കാന്‍ മകനെന്നോട് ആവശ്യപ്പെടുമെന്ന് ഭയന്നതിനാല്‍ ഞാനവന് സൈക്കിള്‍ വാങ്ങിക്കൊടുത്തില്ല!!!

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ദയ

രാവിലെ ഞാന്‍ കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു. വേനല്‍ കനത്തതോട് കൂടി മോട്ടോര്‍ പമ്പിലൂടെ വെള്ളം കയറാതായിരിക്കുന്നു.
“നിങ്ങളിതു കണ്ടോ... ഈ വെയ്സ്റ്റ് ബക്കറ്റില്‍ ഒരു എലി”, പ്രിയതമയാണ്.
പോയിനോക്കിയപ്പോള്‍...
വെയ്സ്റ്റ് ബക്കറ്റില്‍ ഒരു ചുണ്ടെലി(നൊച്ചെലി). ബക്കറ്റില്‍ നിന്നും രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലായിരുന്നു. ചുണ്ടെലി മനുഷ്യന് ഉപദ്രവമുണ്ടാക്കുന്നതായി ഞാന്‍ കേട്ടിട്ടില്ലായിരുന്നു. അതിനാല്‍ എലിയെ പറമ്പില്‍ കൊണ്ടുവിടാമെന്ന് തീരുമാനിച്ച നിമിഷം തന്നെ എന്നിലെ രാക്ഷസന്‍ ഉണര്‍ന്നു. നൊച്ചെലിയാണെങ്കിലും അതൊരു എലിയല്ലെ!! അതിനെ വെറുതെ വിടാന്‍ പാടില്ല.
"എങ്ങിനെ കൊല്ലും" - അതായി പിന്നീടുള്ള ചിന്ത. വെള്ളത്തില്‍ മുക്കിക്കൊല്ലാം, അതാകുമ്പോള്‍ ജീവന് വേണ്ടിയുള്ള പിടച്ചില്‍ നേരിട്ട് കാണാമല്ലോ! ബക്കറ്റിലേക്ക് വെള്ളമൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ എലി വെള്ളത്തില്‍ മുങ്ങിപൊങ്ങാന്‍ തുടങ്ങി.
“വേണ്ട ഉപ്പാ... അതിനെ കൊല്ലേണ്ട... അതു പാവമാ...”, ഉറക്കമുണര്‍ന്ന് വന്ന ചെറിയ മകന്‍ അലൂഫ് സമീപത്ത് നില്‍ക്കുന്നു.
“അതിനെ വിട്ടേക്ക് ഉപ്പാ... അത് പാവമാ...”.
അഞ്ചു വയസുകാരന്‍ മകന്റെ ദയപോലും എനിക്കുണ്ടായില്ലെന്ന ബോധ്യം എന്നെ പാതാളത്തിലേക്ക് താഴ്‍ത്തികളയുവാന്‍ ആഗ്രഹിക്കുവോളം എന്നെ ലജ്ജിതനാക്കി.
---------------ശുഭം----------------

(മുറിവാല്‍:  അഞ്ചു വയസുകാരന്റെ അറിവില്ലായ്മ ദയ കാണിക്കുന്നതിനും, നാല്‍പത്കാരന്റെ അറിവ് ദയാരാഹിത്യത്തിനും കാരണമാകുന്നു.)

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

പോത്തിന്റെ വളര്‍ച്ച

പത്ത്. കെ. ക്ലാസില്‍ ഗണിതാധ്യാപകന്‍ ത്രികോണമിതി എടുത്തുകഴിഞ്ഞപ്പോള്‍, പാഠഭാഗവുമായി ബന്ധപ്പെടുത്തി സ്കൂള്‍ കെട്ടിടത്തിന്റെ ഉയരം കാണുന്നതിനുള്ള ഒരു പ്രാക്ടിക്കല്‍ ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന് ആദ്യമായി ഓരോ കുട്ടിയും അവരവരുടെ ഉയരം അളന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. വീട്ടിലെത്തിയ രാമു നീളമളക്കാനുള്ള നാടയുമെടുത്ത് പറമ്പില്‍ കെട്ടിയിരിക്കുന്ന പോത്തിനടുത്തേക്ക് നടന്നു; പോത്തിന്റെ ഉയരമളക്കാന്‍. നിന്റെ മകന്‍ പോത്തുപോലെ വളര്‍ന്നെന്ന് അഛന്‍ അമ്മയോട് പറയുന്നത് അവനപ്പോഴും കേള്‍ക്കാമായിരുന്നു.

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ശത്രുതയുടെ മനഃശാസ്ത്രം


മനുഷ്യപ്രകൃതിയനുസരിച്ച് നോക്കിയാല്‍, സ്ഥിരമായി ഒരാള്‍ ശത്രുവോ മിത്രമോ ആയിരിക്കില്ല. കാലമാണ് ശത്രുവിനേയും മിത്രത്തേയും നിര്‍ണയിക്കുന്നത്. ഇന്നത്തെ എന്റെ ശത്രു നാളത്തെ എന്റെ മിത്രമാകാം. അപ്പോഴാണ് ജീവിതം ജീവസുറ്റതാകുന്നത്. എത്രത്തോളം നാം ഒരാളെ വെറുക്കുന്നുവോ അത്രത്തോളം അയാള്‍ നമ്മുടെ മനസില്‍ തെളിഞ്ഞിരിക്കും. ശത്രുവിന്റെ ദുര്‍ഗുണങ്ങള്‍ മാത്രം കാണാന്‍ താല്‍പര്യം കാണിക്കുമ്പോള്‍, മിത്രത്തിന്റെ സല്‍ഗുണങ്ങള്‍ മാത്രമായിരിക്കും കാണുക.
ഒരു ശത്രു, ശത്രുവല്ലാതാകുന്നതിന് കൂടുതല്‍ സമയം വേണ്ടി വരുന്നില്ല. ഏതൊരു നിമിഷത്തിലും ശത്രു മിത്രമായിത്തീരാം. അതൊരു പക്ഷേ, ഒരു ചെറു പുഞ്ചിരിക്കുള്ള അത്രയും സമയം മതിയാകും. അല്ലെങ്കില്‍ ഒരു 'ഹായ് ' പറയാനുള്ള അത്രയും സമയം. ആ ഒരു നിമിഷം വെണ്ണ ഉരുകുന്ന പോലെ നമ്മില്‍ നിന്നും ശത്രുത ഉരുകിയൊലിച്ച് പോകുന്നു.

2010, മാർച്ച് 18, വ്യാഴാഴ്‌ച

ഭ്രൂണം

കഴിഞ്ഞ ബുധനാഴ്ച. ആദ്യത്തെ പിരീയീഡ്. എനിക്ക് 8Bയിലാണ് ക്ലാസ്. വിഷയം ഗണിതശാസ്ത്രം. ഞാനാക്ലാസിലെ ക്ലാസധ്യാപകന്‍ കൂടിയാണ്. ‘അനുപാതം’ എന്ന പാഠഭാഗത്തില്‍ നിന്നും ഒരു പ്രശ്നം കുട്ടികള്‍ക്ക് നല്‍കി. കണക്ക് ചെയ്യുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ദിമുട്ടുകള്‍ മനസിലാക്കുന്നതിന് വേണ്ടി ഞാനവര്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി. കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഉത്തരം കാണാനുള്ള ശ്രമത്തിലാണ്. വിവിധ പ്രദേശങ്ങളിലെ വിത്യസ്ത വീടുകളില്‍ നിന്നും വരുന്ന നിഷ്കളങ്കരായ കുട്ടികള്‍, ഞാനെത്ര ഭാഗ്യവാനാണ്! അവരുടെ പ്രശ്നങ്ങള്‍ എന്റ്റേതുമാ‍കുന്ന നിമിഷങ്ങള്‍.  പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിയ ഒരു നിമിഷം, ഞാനറിയാതെ എന്റ്റെ ചിന്തകള്‍ അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയില്‍ ഉടക്കി നിന്നു. അടുത്ത നിമിഷം ആരോ ഒരാള്‍ ആ വാര്‍ത്ത എന്റ്റെ ഇരു ചെവിയിലേക്കും ലൌഡ്സ്പീക്കര്‍ വെച്ച് വായിക്കാന്‍ തുടങ്ങി.
“പൊന്മല ഹൈസ്ക്കൂളിലെ എട്ടാം തരത്തില്‍ പഠിക്കുന്ന തസ്ലീനയുടെ മ്യതദേഹം സ്ക്കൂളിന് സമീപത്തെ വീടിന്റ്റെ ടെറസില്‍ ചാക്കില്‍ മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തി. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു.”
എന്റ്റെ അടിവയറ്റില്‍ നിന്നും എന്തോ ഒന്ന് ഉരുണ്ടു കയറി മുകളിലേക്ക് വരുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങി. അടുത്ത നിമിഷം വായും പൊത്തിപ്പിടിച്ച് ഞാന്‍ പുറത്തേക്കോടി. ആരെല്ലാമോ താങ്ങിപ്പിടിച്ച് എന്നെ സ്റ്റാഫ് റൂമിലെത്തിച്ചു. കുറച്ചു നേരം കിടന്നപ്പോള്‍ ആശ്വാസം തോന്നി. സ്റ്റാഫുകള്‍ കാര്യമന്വേഷിക്കാന്‍ തുടങ്ങി. ഞാനവരോട് എന്തു മറുപടി പറയാനാണ്! രാവിലെ കഴിച്ച ഭക്ഷണമായിരിക്കും കുഴപ്പകാരണമെന്ന നിഗമനത്തില്‍ അവര്‍ സ്വയം എത്തിച്ചേര്‍ന്നു.
“എനിക്കൊരു പെണ്‍കുഞ്ഞിനെ വേണം.”, ഭാര്യയുടെ ആഗ്രഹം.
മൂന്നാമതൊരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചു. ഇപ്പോഴവള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. 6 മാസത്തിന് ശേഷം വരുന്ന ആ കുഞ്ഞ് പെണ്‍കുഞ്ഞാണെങ്കില്‍....ഈശ്വരാ, അവള്‍ വളര്‍ന്ന് വലുതാകുമ്പോള്‍....സ്ത്രീത്വത്തത്തിന്റ്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിതുടങ്ങുമ്പോള്‍....അവള്‍ക്ക് നേരെ നീണ്ടു വരുന്ന കഴുകക്കണ്ണുകള്‍...
വീണ്ടും അടിവയറ്റില്‍ നിന്ന് മഞ്ഞനിറത്തിലൊരു ദ്രാവകം വായിലൂടെ പുറത്തേക്ക് വന്നു. എനിയും വൈകാതെ ആശുപത്രിയില്‍ പോകാമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്റ്റെ അസുഖത്തിനുള്ള മരുന്ന് ഒരു ഡോക്ടര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് ഞാനവരെ എങ്ങിനെ ബോധ്യപ്പെടുത്തും. എന്റ്റെ വിഹ്വലതകള്‍ ഞാനാരോട് പറയും. എന്നെ ഭ്രാന്തനെന്ന് വിളിക്കില്ലെ! എന്റീശ്വരാ...

2010, മാർച്ച് 2, ചൊവ്വാഴ്ച

ചൂട്

പനി മൂര്‍ദ്ധന്യത പ്രാപിച രാത്രികളില്‍ പനിയുടെ ചൂടിനെ തന്നിലേക്കാവാഹിച്ചെടുക്കുന്ന ഉമ്മ.
“ചുട്ടു പൊള്ളുകയായിരുന്നു. ഇപ്പോ.. പനി വിട്ടല്ലൊ. നന്നായി വിയര്‍ത്തിട്ടുണ്ട്.“
ഉമ്മയുടെ സ്നേഹം വിശറിയിലൂടെ പെയ്തിറങ്ങിയപ്പോള്‍ ഈ ലോകത്തില്‍ ഞാനായിരുന്നു ഏററവും വലിയ ഭാഗ്യവാന്‍.
“എന്തൊക്കെയാണു നീ വിളിച്ചു പറഞ്ഞത്!“
“ഉമ്മാ, ഞാനൊരു അഗാധ ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഒരിക്കലും താഴത്തെത്തിയിരുന്നില്ല.”
“എന്നെ പിടിക്കുമ്മാ..പിടിക്കുമ്മാ..നിന്റ്റെ വിളി എന്നെ വല്ലാതെ പേടിപ്പിച്ചുകളഞ്ഞു.”
“പിന്നീട് ഞാന്‍ വായുവിലൂടെ ഒരു തൂവല്‍ പോലെ പറക്കുകയയിരുന്നു. അപ്പോഴാണു ഒരു തണുത്ത കൈ എന്നെ ഈ ബെഢിലേക്ക് കൊണ്ട് വന്നത്.“
ഞാനാ കൈകള്‍ എന്റ്റെ നെഞ്ജിലേക്ക് ചേര്‍ത്ത് വച്ചു.
“എന്നും എനിക്കീ കൈകളുടെ ചൂടേററ് കിടക്കണം.”
“ഉം, നടന്നത് തന്നെ!”
“ഉമ്മ ഉദ്ദേശിക്കുന്നത് എന്താണെന്നെനിക്കറിയാം. അതിനൊക്കെ.. വര്‍ഷങ്ങളെത്ര കഴിയണം!!.”
“അതു ശരി!!, എത്ര വര്‍ഷം ഇങ്ങനെ കിടക്കാനാ നിങ്ങളുടെ പൂതി. എന്റ്റെ മടിയില്‍ കിടന്നാ കുട്ടിക്കാലം ഓര്‍ക്കുന്നത്! നാണമില്ലല്ലോ ഈ മനുഷ്യന്."
“ഓ..ഹോ..അപ്പോ ഈ ലോകത്ത് എനിക്ക് മാത്രമേ നാണമില്ലാത്തതൊള്ളൂ. കല്യാണ രാത്രിയിലില്ലാത്ത നാണം ഇനിയിപ്പോ ഉണ്ടാകാനോ!”
“സ്കൂള്‍ വിട്ട് കുട്ടികളിങ്ങെത്താറായി. ഒന്നെണീററ് പോകുന്നുണ്ടോ.“
“ഞാനിപ്പോഴും ഓര്‍ക്കുന്നു, അന്നു നിന്റെറ ശരീരത്തിന് എന്തൊരു ചൂടായിരുന്നു.”
“അതു പിന്നെ ഇല്ലാതിരിക്കുമോ!...ആദ്യമായൊരു പുരുഷന്‍ തൊടുമ്പോള്‍ അങ്ങിനെയൊക്കെ ഉണ്ടാകും. ഇപ്പോഴും അതൊക്കെ...”
“ടേയ്...ഷംസുവേ...നീയൊന്നു വേഗം ഇറങ്ങുന്നുണ്ടോ.”
ക്രിത്യസമയത്ത് തന്നെ സുരേഷിന്റ്റെ വിളി വന്നല്ലൊ. ഹോ...ഈ ഷവറിന് ചുവട്ടില്‍ ചുടു വെള്ളത്തില്‍ നിന്നാല്‍ സമയം പോകുന്നതറിയില്ല.
“ഞാനിവിടെ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി.”
“ദാ....വരുന്നു മാഷേ...”
“ഡാ....വെള്ളത്തിന്റ്റെ കാശ് കമ്പനിയാണടയ്ക്കുന്നതെന്ന് കരുതി...”
ഇവനറിയില്ലല്ലൊ നാട്ടില്‍ പോകാന്‍ ലീവ് പാസായി നില്‍ക്കുന്ന എന്റ്റെ മനോവിഭ്രാന്തി.

2010, ഫെബ്രുവരി 24, ബുധനാഴ്‌ച

സ്നേഹം

റോഡ് വിജനമാണ്. ചാറ്റല്‍ മഴയത്ത് ഇങ്ങനെ നടക്കാന്‍ വല്ലാത്തൊരു സുഖം തോന്നുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ നിലാവുദിച്ചിട്ടും ഇരുട്ടായിരുന്നു.
“നിനക്കിപ്പോ തന്നെ പോകണോ. നാളെ രാവിലെ പോയാല്‍ പോരെ?”
“പറ്റില്ലമ്മേ, സുലുവും കുട്ടികളും അവിടെ തനിച്ചാണ്.“
ഞാനെന്നും തനിച്ചാണ്...ഈ റോഡില്‍ പോലും! തനിച്ചിരിക്കന്‍ എനിക്കെന്നും ഇഷ്ടമായിരുന്നല്ലൊ.
“നീയിങ്ങനെയായാല്‍ എങ്ങിനെയാ....വീട്ടില്‍ വരുന്നവരോട് പോലും മിണ്ടാട്ടമില്ല.”
“ചേച്ചിയുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ഞാനാരോടും മിണ്ടാറില്ലെന്ന്.”
“നിന്നോട് വാദിച്ച് ജയിക്കനൊന്നും ഞാനില്ല.”
അതങ്ങിനെയായിരുന്നു, എനിക്ക് എന്റ്റേതായ ന്യായീകരണമുണ്ടായിരിക്കും. എന്റ്റെ കിടപ്പ് മുറിയും, കുറേ പുസ്തകങ്ങളും...അതായിരുന്നു എന്റ്റെ ലോകം.
"പോ...പോ...”
“എവിടെ നോക്കിയാടോ! നടക്കുന്നത്. ചാകാന്‍ വേണ്ടി ഓരോരുത്തവന്മാര്‍ ഇറങ്ങിക്കോളും...മനുഷ്യന് പണിയുണ്ടാക്കാന്‍.”
ഹോ..ഞാനെപ്പോഴാണു റോഡിന്റ്റെ നടുവിലെത്തിയത്! ആ ലോറി അടുത്തെത്തിയതറിഞ്ഞതേയില്ല.
“ചളിയില്‍ വീഴാതെ... താഴത്ത് നോക്കി നടക്കെടാ...”
അച്ഛന്റ്റെ കൂടെ അങ്ങാടിയില്‍ പോകുമ്പോഴെല്ലാം ശകാരം പതിവായിരുന്നു. ഞാന്‍ ചെയ്യുന്നതിലെല്ലാം കുറ്റം കണ്ടു പിടിക്കുന്ന അച്ഛന്‍. ജീവിതത്തില്‍ ഇന്നേ വരെ ഒരു പ്രോത്സാഹനവും അച്ഛന്‍ നല്‍കിയിട്ടില്ല.
“അതെല്ലാം നിന്റ്റെ തോന്നലാണ്. നിന്റ്റെ നല്ലതിന് വേണ്ടിയല്ലെ.”
"അമ്മയുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും എനിക്ക് മാത്രമേ ഈ നാട്ടില്‍ അച്ഛനൊള്ളൂ എന്ന്!”
"നീയിനി അച്ഛന്റ്റെ സ്വഭാവം നന്നാക്കാന്‍ പോകുവാണോ?”
“അനീഷിനോട് അവന്റ്റച്ഛന്‍ കാണിക്കുന്ന സ്നേഹം കണ്ടാല്‍ അസൂയ തോന്നും. നിങ്ങള്‍ക്ക് അനീഷിന്റ്റെ അച്ഛനെ കല്യാണം കഴിച്ചാല്‍ പോരായിരുന്നോ...”
“എന്താടാ ചെറുക്കാ നീയീ പറയുന്നത്!!”
“അതേ ചേച്ചീ, ചേച്ചിയെങ്കിലും കല്യാണം കഴിക്കുമ്പോ സ്നേഹമുള്ളൊരാളെ കല്യാണം കഴിക്കണം.”
“കേട്ടില്ലമ്മെ...ഈ ചെറുക്കന്‍ വലിയ ആളുകളുടെ വര്‍ത്തമാനം പറയുന്നത്!!”
സ്നേഹം, ആര്‍ക്കെത്ര നല്‍കിയാലും തികയാറില്ല.
“നിങ്ങളെന്തിനാ കുട്ടികളോടിങ്ങനെ ദേഷ്യം പിടിക്കുന്നത്?”
എനിക്കെന്റ്റച്ഛനില്‍ നിന്ന് കിട്ടാതെ പോയ സ്നേഹം ഞാനെന്റ്റെ മക്കള്‍ക്ക് നല്‍കുന്നു. എന്നിട്ടും, ഭാര്യയുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍.....
“ഞാനതിനുമാത്രം ദേഷ്യപ്പെട്ടോ?”
“നിങ്ങള്‍ക്ക് മൂക്കിന്‍ തുമ്പത്താണു ദേഷ്യം.”
എന്തായാലും ഞാനെന്റ്റെ അച്ഛന്റ്റെ മകനല്ലെ, സ്വഭാവം കാണാതിരിക്കില്ലല്ലൊ!!
"നിങ്ങളെന്തെ ഇത്രയും വൈകിയത്?”
“അമ്മയുടെ അടുത്ത് നിന്നിറങ്ങാന്‍ വൈകി, അവസാനത്തെ ബസും കിട്ടിയില്ല. കുട്ടികളുറങ്ങിയോ?”
“അവരുറങ്ങി, നിങ്ങള്‍ വന്നിട്ടേ ഭക്ഷണം കഴിക്കൂ എന്ന വാശിയിലായിരുന്നു. ഉറക്കം തൂങ്ങാന്‍ തുടങ്ങിയപ്പോ......”
എന്റ്റെ മനസിലെ ചാറ്റല്‍ മഴ കണ്ണുകളിലൂടെ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

അനുജന്‍

അവനെ കിട്ടിയപ്പോള്‍ വരണ്ടുണങ്ങിയ ഊഷര ഭൂമിയിലേക്ക് ഒരു മഴ ലഭിച്ച പ്രതീതിയായിരുന്നു എനിക്ക്. ഒരു അനുജന് വേണ്ടി ഞാനിത്രയും ദാഹിച്ചിരുന്നുവോ! എനിക്ക് എന്നോട് അവിശ്വാസം തോന്നിയ നിമിഷം. ഒരു യത്ര കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് വരുന്ന ഉമ്മയെ പിന്തുടര്‍ന്ന് വരുന്ന അവനെ ഞാന്‍ പടിക്കലേകിറങ്ങിച്ചെന്ന് തോളില്‍ കൈയിട്ട് സ്വീകരിച്ചു കൊണ്ട് വരുമ്പോള്‍ എന്റ്റെ ആകാംക്ഷ എനിക്ക് അടക്കാനായില്ല.
“ഇവനെ എവിടെന്ന് കിട്ടി!”
“ഇവന്‍….ആ…..അനാഥശാലയിലെ കുട്ടിയാണെന്നു തോന്നുന്നു.”
ലാഘവത്തിലുള്ള ഉമ്മയുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.
“ഏത് അനാഥശാല!”
ഉമ്മ പറഞ്ഞ അനാഥശാലയുടെ പേര്‍ എനിക്കിപ്പോ ഓര്‍മ്മ വരുന്നില്ല.
“ഒരു കൊലപാതകത്തിന് സാക്ഷിയായ കുട്ടിയെ തിരഞ്ഞ് കൊലപാതകികളിലൊരാള്‍ അനാഥശാലയില്‍ ചെന്ന് കുട്ടികളെയെല്ലാം ഇറക്കിക്കൊണ്ട് വന്നു. പക്ഷെ അയാള്‍ക്ക് കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ല.”
“അപ്പോ……ഇവന്‍….!”, ഞാനവനെ എന്നിലേക്ക് ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.
“ഞാന്‍ ബസിറങ്ങിയപ്പോ……..ഇവന്‍ ആ ബസിലുണ്ടായിരുന്നു. എന്നെ പിന്തുടര്‍ന്ന വിവരം ഞാനറിഞ്ഞില്ല.”
അവനെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന ഭയം കൂടുതല്‍ ചോദ്യങ്ങളെ ഇല്ലാതാക്കി. ഞാനവനെ കുളിപ്പിച്ച് പുത്തന്‍ ഉടുപ്പണിയിച്ചു. പുളിമരത്തില്‍ ഊഞ്ഞാല് കെട്ടി കൊതി തീരുവോളം ഊഞ്ഞാലാട്ടി. ഞാനവന് ചോറ് വാരികൊടുത്തു. എന്റ്റെ സന്തോഷം അവനെ വീര്‍പ്പ് മുട്ടിച്ചു. ഉറങ്ങുവോളം അവന്റ്റെ അരികിലിരുന്ന് ഞാന്‍ കഥ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അവനരികില്‍ കിടന്ന് ഞാനും ഉറങ്ങിപ്പോയി.
“ട്ര്..റ്…ണീം…………..”
“ഹോ….ഇത്ര പെട്ടെന്ന് നേരം വെളുത്തോ!”
“അതേടാ, ഇന്ന് ഒരു മണിക്കൂര്‍ മുമ്പേ നേരം വെളുത്തു.”
രക്ഷയില്ലാ... കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുന്നതു വരെ അവന്റ്റെ ഡയലോഗ് തുടരും. ഹോ! പറയാന്‍ മറന്നു, ഇവന്‍ എന്റ്റെ റൂം മേററ് അഷറഫ്.
“നീയാ മാനേജരുടെ സ്വഭാവം ചീത്തയാക്കാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ?”
അവന്റ്റെ പറച്ചില്‍ കേട്ടാല്‍ തോന്നും മാനേജര്‍ ഒരു തങ്കപ്പെട്ട മനുഷ്യനാണെന്ന്! ഓഫീസില്‍ വൈകിയെത്തുന്നത് അത്ര വലിയ അപരാധമാണോ!
“അതല്ലെടാ….ഞാന്‍ സുന്ധരമായ ഒരു സ്വപ്നം കാണുകയായിരുന്നു. അതിനിടയ്ക്കാണ് അലാറം അടിച്ചത്. പുലരാം കാലത്ത് കാണുന്ന സ്വപ്നം പുലരുമെന്നാണ് പ്രമാണം.”
“ലീവ് പാസായതിനാല്‍ നിനക്കിപ്പൊ സ്വപ്നം കാണല്‍ കുറച്ച് കൂടുതലാണ്.”
ഈ മരുഭൂമിയില്‍ വല്ലപ്പോഴും വിരുന്നെത്തുന്ന സ്വപ്നവും കൂടിയില്ലെങ്കില്‍……………