2010, ഫെബ്രുവരി 24, ബുധനാഴ്‌ച

സ്നേഹം

റോഡ് വിജനമാണ്. ചാറ്റല്‍ മഴയത്ത് ഇങ്ങനെ നടക്കാന്‍ വല്ലാത്തൊരു സുഖം തോന്നുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ നിലാവുദിച്ചിട്ടും ഇരുട്ടായിരുന്നു.
“നിനക്കിപ്പോ തന്നെ പോകണോ. നാളെ രാവിലെ പോയാല്‍ പോരെ?”
“പറ്റില്ലമ്മേ, സുലുവും കുട്ടികളും അവിടെ തനിച്ചാണ്.“
ഞാനെന്നും തനിച്ചാണ്...ഈ റോഡില്‍ പോലും! തനിച്ചിരിക്കന്‍ എനിക്കെന്നും ഇഷ്ടമായിരുന്നല്ലൊ.
“നീയിങ്ങനെയായാല്‍ എങ്ങിനെയാ....വീട്ടില്‍ വരുന്നവരോട് പോലും മിണ്ടാട്ടമില്ല.”
“ചേച്ചിയുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ഞാനാരോടും മിണ്ടാറില്ലെന്ന്.”
“നിന്നോട് വാദിച്ച് ജയിക്കനൊന്നും ഞാനില്ല.”
അതങ്ങിനെയായിരുന്നു, എനിക്ക് എന്റ്റേതായ ന്യായീകരണമുണ്ടായിരിക്കും. എന്റ്റെ കിടപ്പ് മുറിയും, കുറേ പുസ്തകങ്ങളും...അതായിരുന്നു എന്റ്റെ ലോകം.
"പോ...പോ...”
“എവിടെ നോക്കിയാടോ! നടക്കുന്നത്. ചാകാന്‍ വേണ്ടി ഓരോരുത്തവന്മാര്‍ ഇറങ്ങിക്കോളും...മനുഷ്യന് പണിയുണ്ടാക്കാന്‍.”
ഹോ..ഞാനെപ്പോഴാണു റോഡിന്റ്റെ നടുവിലെത്തിയത്! ആ ലോറി അടുത്തെത്തിയതറിഞ്ഞതേയില്ല.
“ചളിയില്‍ വീഴാതെ... താഴത്ത് നോക്കി നടക്കെടാ...”
അച്ഛന്റ്റെ കൂടെ അങ്ങാടിയില്‍ പോകുമ്പോഴെല്ലാം ശകാരം പതിവായിരുന്നു. ഞാന്‍ ചെയ്യുന്നതിലെല്ലാം കുറ്റം കണ്ടു പിടിക്കുന്ന അച്ഛന്‍. ജീവിതത്തില്‍ ഇന്നേ വരെ ഒരു പ്രോത്സാഹനവും അച്ഛന്‍ നല്‍കിയിട്ടില്ല.
“അതെല്ലാം നിന്റ്റെ തോന്നലാണ്. നിന്റ്റെ നല്ലതിന് വേണ്ടിയല്ലെ.”
"അമ്മയുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും എനിക്ക് മാത്രമേ ഈ നാട്ടില്‍ അച്ഛനൊള്ളൂ എന്ന്!”
"നീയിനി അച്ഛന്റ്റെ സ്വഭാവം നന്നാക്കാന്‍ പോകുവാണോ?”
“അനീഷിനോട് അവന്റ്റച്ഛന്‍ കാണിക്കുന്ന സ്നേഹം കണ്ടാല്‍ അസൂയ തോന്നും. നിങ്ങള്‍ക്ക് അനീഷിന്റ്റെ അച്ഛനെ കല്യാണം കഴിച്ചാല്‍ പോരായിരുന്നോ...”
“എന്താടാ ചെറുക്കാ നീയീ പറയുന്നത്!!”
“അതേ ചേച്ചീ, ചേച്ചിയെങ്കിലും കല്യാണം കഴിക്കുമ്പോ സ്നേഹമുള്ളൊരാളെ കല്യാണം കഴിക്കണം.”
“കേട്ടില്ലമ്മെ...ഈ ചെറുക്കന്‍ വലിയ ആളുകളുടെ വര്‍ത്തമാനം പറയുന്നത്!!”
സ്നേഹം, ആര്‍ക്കെത്ര നല്‍കിയാലും തികയാറില്ല.
“നിങ്ങളെന്തിനാ കുട്ടികളോടിങ്ങനെ ദേഷ്യം പിടിക്കുന്നത്?”
എനിക്കെന്റ്റച്ഛനില്‍ നിന്ന് കിട്ടാതെ പോയ സ്നേഹം ഞാനെന്റ്റെ മക്കള്‍ക്ക് നല്‍കുന്നു. എന്നിട്ടും, ഭാര്യയുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍.....
“ഞാനതിനുമാത്രം ദേഷ്യപ്പെട്ടോ?”
“നിങ്ങള്‍ക്ക് മൂക്കിന്‍ തുമ്പത്താണു ദേഷ്യം.”
എന്തായാലും ഞാനെന്റ്റെ അച്ഛന്റ്റെ മകനല്ലെ, സ്വഭാവം കാണാതിരിക്കില്ലല്ലൊ!!
"നിങ്ങളെന്തെ ഇത്രയും വൈകിയത്?”
“അമ്മയുടെ അടുത്ത് നിന്നിറങ്ങാന്‍ വൈകി, അവസാനത്തെ ബസും കിട്ടിയില്ല. കുട്ടികളുറങ്ങിയോ?”
“അവരുറങ്ങി, നിങ്ങള്‍ വന്നിട്ടേ ഭക്ഷണം കഴിക്കൂ എന്ന വാശിയിലായിരുന്നു. ഉറക്കം തൂങ്ങാന്‍ തുടങ്ങിയപ്പോ......”
എന്റ്റെ മനസിലെ ചാറ്റല്‍ മഴ കണ്ണുകളിലൂടെ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

അനുജന്‍

അവനെ കിട്ടിയപ്പോള്‍ വരണ്ടുണങ്ങിയ ഊഷര ഭൂമിയിലേക്ക് ഒരു മഴ ലഭിച്ച പ്രതീതിയായിരുന്നു എനിക്ക്. ഒരു അനുജന് വേണ്ടി ഞാനിത്രയും ദാഹിച്ചിരുന്നുവോ! എനിക്ക് എന്നോട് അവിശ്വാസം തോന്നിയ നിമിഷം. ഒരു യത്ര കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് വരുന്ന ഉമ്മയെ പിന്തുടര്‍ന്ന് വരുന്ന അവനെ ഞാന്‍ പടിക്കലേകിറങ്ങിച്ചെന്ന് തോളില്‍ കൈയിട്ട് സ്വീകരിച്ചു കൊണ്ട് വരുമ്പോള്‍ എന്റ്റെ ആകാംക്ഷ എനിക്ക് അടക്കാനായില്ല.
“ഇവനെ എവിടെന്ന് കിട്ടി!”
“ഇവന്‍….ആ…..അനാഥശാലയിലെ കുട്ടിയാണെന്നു തോന്നുന്നു.”
ലാഘവത്തിലുള്ള ഉമ്മയുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.
“ഏത് അനാഥശാല!”
ഉമ്മ പറഞ്ഞ അനാഥശാലയുടെ പേര്‍ എനിക്കിപ്പോ ഓര്‍മ്മ വരുന്നില്ല.
“ഒരു കൊലപാതകത്തിന് സാക്ഷിയായ കുട്ടിയെ തിരഞ്ഞ് കൊലപാതകികളിലൊരാള്‍ അനാഥശാലയില്‍ ചെന്ന് കുട്ടികളെയെല്ലാം ഇറക്കിക്കൊണ്ട് വന്നു. പക്ഷെ അയാള്‍ക്ക് കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ല.”
“അപ്പോ……ഇവന്‍….!”, ഞാനവനെ എന്നിലേക്ക് ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.
“ഞാന്‍ ബസിറങ്ങിയപ്പോ……..ഇവന്‍ ആ ബസിലുണ്ടായിരുന്നു. എന്നെ പിന്തുടര്‍ന്ന വിവരം ഞാനറിഞ്ഞില്ല.”
അവനെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന ഭയം കൂടുതല്‍ ചോദ്യങ്ങളെ ഇല്ലാതാക്കി. ഞാനവനെ കുളിപ്പിച്ച് പുത്തന്‍ ഉടുപ്പണിയിച്ചു. പുളിമരത്തില്‍ ഊഞ്ഞാല് കെട്ടി കൊതി തീരുവോളം ഊഞ്ഞാലാട്ടി. ഞാനവന് ചോറ് വാരികൊടുത്തു. എന്റ്റെ സന്തോഷം അവനെ വീര്‍പ്പ് മുട്ടിച്ചു. ഉറങ്ങുവോളം അവന്റ്റെ അരികിലിരുന്ന് ഞാന്‍ കഥ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അവനരികില്‍ കിടന്ന് ഞാനും ഉറങ്ങിപ്പോയി.
“ട്ര്..റ്…ണീം…………..”
“ഹോ….ഇത്ര പെട്ടെന്ന് നേരം വെളുത്തോ!”
“അതേടാ, ഇന്ന് ഒരു മണിക്കൂര്‍ മുമ്പേ നേരം വെളുത്തു.”
രക്ഷയില്ലാ... കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുന്നതു വരെ അവന്റ്റെ ഡയലോഗ് തുടരും. ഹോ! പറയാന്‍ മറന്നു, ഇവന്‍ എന്റ്റെ റൂം മേററ് അഷറഫ്.
“നീയാ മാനേജരുടെ സ്വഭാവം ചീത്തയാക്കാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ?”
അവന്റ്റെ പറച്ചില്‍ കേട്ടാല്‍ തോന്നും മാനേജര്‍ ഒരു തങ്കപ്പെട്ട മനുഷ്യനാണെന്ന്! ഓഫീസില്‍ വൈകിയെത്തുന്നത് അത്ര വലിയ അപരാധമാണോ!
“അതല്ലെടാ….ഞാന്‍ സുന്ധരമായ ഒരു സ്വപ്നം കാണുകയായിരുന്നു. അതിനിടയ്ക്കാണ് അലാറം അടിച്ചത്. പുലരാം കാലത്ത് കാണുന്ന സ്വപ്നം പുലരുമെന്നാണ് പ്രമാണം.”
“ലീവ് പാസായതിനാല്‍ നിനക്കിപ്പൊ സ്വപ്നം കാണല്‍ കുറച്ച് കൂടുതലാണ്.”
ഈ മരുഭൂമിയില്‍ വല്ലപ്പോഴും വിരുന്നെത്തുന്ന സ്വപ്നവും കൂടിയില്ലെങ്കില്‍……………