2010, ഫെബ്രുവരി 14, ഞായറാഴ്‌ച

അനുജന്‍

അവനെ കിട്ടിയപ്പോള്‍ വരണ്ടുണങ്ങിയ ഊഷര ഭൂമിയിലേക്ക് ഒരു മഴ ലഭിച്ച പ്രതീതിയായിരുന്നു എനിക്ക്. ഒരു അനുജന് വേണ്ടി ഞാനിത്രയും ദാഹിച്ചിരുന്നുവോ! എനിക്ക് എന്നോട് അവിശ്വാസം തോന്നിയ നിമിഷം. ഒരു യത്ര കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് വരുന്ന ഉമ്മയെ പിന്തുടര്‍ന്ന് വരുന്ന അവനെ ഞാന്‍ പടിക്കലേകിറങ്ങിച്ചെന്ന് തോളില്‍ കൈയിട്ട് സ്വീകരിച്ചു കൊണ്ട് വരുമ്പോള്‍ എന്റ്റെ ആകാംക്ഷ എനിക്ക് അടക്കാനായില്ല.
“ഇവനെ എവിടെന്ന് കിട്ടി!”
“ഇവന്‍….ആ…..അനാഥശാലയിലെ കുട്ടിയാണെന്നു തോന്നുന്നു.”
ലാഘവത്തിലുള്ള ഉമ്മയുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.
“ഏത് അനാഥശാല!”
ഉമ്മ പറഞ്ഞ അനാഥശാലയുടെ പേര്‍ എനിക്കിപ്പോ ഓര്‍മ്മ വരുന്നില്ല.
“ഒരു കൊലപാതകത്തിന് സാക്ഷിയായ കുട്ടിയെ തിരഞ്ഞ് കൊലപാതകികളിലൊരാള്‍ അനാഥശാലയില്‍ ചെന്ന് കുട്ടികളെയെല്ലാം ഇറക്കിക്കൊണ്ട് വന്നു. പക്ഷെ അയാള്‍ക്ക് കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ല.”
“അപ്പോ……ഇവന്‍….!”, ഞാനവനെ എന്നിലേക്ക് ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.
“ഞാന്‍ ബസിറങ്ങിയപ്പോ……..ഇവന്‍ ആ ബസിലുണ്ടായിരുന്നു. എന്നെ പിന്തുടര്‍ന്ന വിവരം ഞാനറിഞ്ഞില്ല.”
അവനെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന ഭയം കൂടുതല്‍ ചോദ്യങ്ങളെ ഇല്ലാതാക്കി. ഞാനവനെ കുളിപ്പിച്ച് പുത്തന്‍ ഉടുപ്പണിയിച്ചു. പുളിമരത്തില്‍ ഊഞ്ഞാല് കെട്ടി കൊതി തീരുവോളം ഊഞ്ഞാലാട്ടി. ഞാനവന് ചോറ് വാരികൊടുത്തു. എന്റ്റെ സന്തോഷം അവനെ വീര്‍പ്പ് മുട്ടിച്ചു. ഉറങ്ങുവോളം അവന്റ്റെ അരികിലിരുന്ന് ഞാന്‍ കഥ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അവനരികില്‍ കിടന്ന് ഞാനും ഉറങ്ങിപ്പോയി.
“ട്ര്..റ്…ണീം…………..”
“ഹോ….ഇത്ര പെട്ടെന്ന് നേരം വെളുത്തോ!”
“അതേടാ, ഇന്ന് ഒരു മണിക്കൂര്‍ മുമ്പേ നേരം വെളുത്തു.”
രക്ഷയില്ലാ... കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുന്നതു വരെ അവന്റ്റെ ഡയലോഗ് തുടരും. ഹോ! പറയാന്‍ മറന്നു, ഇവന്‍ എന്റ്റെ റൂം മേററ് അഷറഫ്.
“നീയാ മാനേജരുടെ സ്വഭാവം ചീത്തയാക്കാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ?”
അവന്റ്റെ പറച്ചില്‍ കേട്ടാല്‍ തോന്നും മാനേജര്‍ ഒരു തങ്കപ്പെട്ട മനുഷ്യനാണെന്ന്! ഓഫീസില്‍ വൈകിയെത്തുന്നത് അത്ര വലിയ അപരാധമാണോ!
“അതല്ലെടാ….ഞാന്‍ സുന്ധരമായ ഒരു സ്വപ്നം കാണുകയായിരുന്നു. അതിനിടയ്ക്കാണ് അലാറം അടിച്ചത്. പുലരാം കാലത്ത് കാണുന്ന സ്വപ്നം പുലരുമെന്നാണ് പ്രമാണം.”
“ലീവ് പാസായതിനാല്‍ നിനക്കിപ്പൊ സ്വപ്നം കാണല്‍ കുറച്ച് കൂടുതലാണ്.”
ഈ മരുഭൂമിയില്‍ വല്ലപ്പോഴും വിരുന്നെത്തുന്ന സ്വപ്നവും കൂടിയില്ലെങ്കില്‍……………

2 അഭിപ്രായങ്ങൾ: